തിരുവല്ല: അപ്പർ കുട്ടനാടൻ മേഖലയിലെ പ്രധാന പഞ്ചായത്തുകളിൽ ഒന്നാണ് നെടുന്പ്രം. പമ്പയാറും ആലപ്പുഴ ജില്ലയും അതിരുകൾ പങ്കിടുന്ന പത്തനംതിട്ട ജില്ലയിലെ പടിഞ്ഞാറൻ പ്രദേശമായ നെടുംമ്പ്രം പഞ്ചായത്തിന് ഏറെ സവിശേഷതകളുണ്ട്. നെല്ലും കരിമ്പും ഒരേപോലെ കൃഷി ചെയ്യുന്ന ഈ പ്രദേശത്തിന് സംസ്ഥാന കരിമ്പ് ഗവേഷണ കേന്ദ്രത്തിന്റെ ആസ്ഥാനം എന്ന സവിശേഷതയും ഉണ്ട്. ഇടതുപക്ഷത്തിന് ആഭിമുഖ്യമുള്ള ഗ്രാമപഞ്ചായത്തിൽ ഇടക്കാലത്ത് ബിജെപി ഭരണത്തിലെത്തിയിരുന്നു. എന്നാൽ കഴിഞ്ഞ അഞ്ചുവർഷവും ഇടതുപക്ഷമാണ് പഞ്ചായത്ത് ഭരണംനടത്തിയത്. സിപിഎമ്മിലെ ടി. പ്രസന്നകുമാരിക്കായിരുന്നു അഞ്ചുവർഷവും ഭരണസാരഥ്യം.
ഒറ്റനോട്ടത്തിൽ
നെടുന്പ്രം പഞ്ചായത്തിലെ വികസന നേട്ടങ്ങളുമായി അടുത്ത തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുകയാണ് എൽഡിഎഫ്. അടിസ്ഥാന സൗകര്യ വികസനത്തിനാണ് ഭരണസമിതി മുൻഗണന നൽകിയത്. എന്നാൽ കാർഷിക മേഖലയിലെ പ്രശ്നങ്ങളടക്കം പരിഗണിക്കാതെയാണ് ഭരണസമിതി മുന്നോട്ടു പോയതെന്ന് യുഡിഎഫ് കുറ്റപ്പെടുത്തുന്നു. ഗുരുതരമായ സാന്പത്തിക തിരിമറികൾ ഭരണവുമായി ബന്ധപ്പെട്ടുണ്ടായെന്ന ആക്ഷേപവും പ്രതിപക്ഷത്തിനുണ്ട്. മുന്പ് ഭരണത്തിലെത്തിയ ബിജെപിയും ശക്തമായ പ്രതിപക്ഷമായി നെടുന്പ്രത്ത് പ്രവർത്തിച്ചിരുന്നു.
കക്ഷിനില
ആകെ വാർഡുകൾ - 13, എൽഡിഎഫ് - 8, യുഡിഎഫ് - 2,
ബിജെപി - 3.
നേട്ടങ്ങൾ
90 ശതമാനം റോഡുകളും സഞ്ചാരയോഗ്യമാക്കി. 13 വർഷമായി നിർമാണം മുടങ്ങിക്കിടന്ന കല്ലുങ്കൽ - മലയിത്ര - അഴകശേരി റോഡിന് സംസ്ഥാന വിഹിതം 50 ലക്ഷം അനുവദിച്ച് നിർമാണം പൂർത്തിയാക്കി.
തരിശുകിടന്ന നെടുംമ്പ്രം വെസ്റ്റ് പാടശേഖരം, ഇടക്കേരി പാടശേഖരത്തും ജല വിഭവ വകുപ്പ് സഹായത്തോടെ ജലസേചന സൗകര്യം ഒരുക്കി കൃഷി ഇറക്കി.
വയോജന പാർക്ക്, വയോജനങ്ങൾക്കായി വിനോദയാത്ര, കുട്ടികൾക്ക് പാർക്ക്, ഹാപ്പിനസ് പാർക്ക് തുടങ്ങിയവ നടപ്പിലാക്കി.
ലൈഫ് ഭവന പദ്ധതിയിലൂടെ അർഹമായ എല്ലാ ഗുണഭോക്താക്കൾക്കും വീടിന് അനുമതി നൽകി.
ഭിന്നശേഷി കുഞ്ഞുങ്ങൾക്കായി ഓട്ടിസം സെന്റർ നവീകരിച്ചു.
തൊഴിലുറപ്പ് മേഖലയിലെ മികവിന് സംസ്ഥാനതലത്തിലും ജില്ലാതലത്തിലും മഹാത്മ അവാർഡ് ലഭിച്ചു.
നെടുന്പ്രം പിഎച്ച്സി ആധുനികവത്കരിച്ച് കുടുംബാരോഗ്യ കേന്ദ്രമാക്കി.
ജില്ലയിൽ ഇതാദ്യമായി വനിതകൾക്കായി പ്രത്യേക ഫിറ്റ്നസ് സെന്റർ പ്രവർത്തനം ആരംഭിച്ചു.
ജില്ലയിലെ ആദ്യ സ്മാർട്ട് അങ്കണവാടി നെടുമ്പ്രത്ത് ആരംഭിച്ചു.
മികച്ച അങ്കണവാടിക്കും ഐസിഡിഎസ് സൂപ്പർവൈസർക്കും സംസ്ഥാന തലത്തിൽ പുരസ്കാരം ലഭിച്ചു.
പഞ്ചായത്തിലെ 15 അങ്കണവാടികളിൽ 12നും സ്വന്തമായി കെട്ടിടം ഉണ്ടാക്കി. ഒന്പത് അങ്കണവാടികൾ പൂർണമായും ശീതീകരിച്ചു.
ജലജീവന് മിഷൻ പദ്ധതിയിൽ രണ്ടുകോടി രൂപ ചെലവഴിച്ച് മുഴുവൻ വീടുകളിലും ഗാർഹിക പൈപ്പ് കണക്ഷൻ നൽകി
കോട്ടങ്ങൾ
അപ്പർ കുട്ടനാടൻ കാർഷിക മേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടായില്ല.
വെള്ളപ്പൊക്കം മൂലം നിരന്തരം ദുരിതം വിതയ്ക്കുന്ന പ്രദേശങ്ങളിൽ സംരക്ഷണഭിത്തി ഉൾപ്പെടെ നിർമിക്കുന്നതിലും സുരക്ഷ ഉറപ്പാക്കുവാനും യാതൊരു ശ്രമവും ഉണ്ടായിട്ടില്ല.
ടേക്ക് എ ബ്രേക്ക് പദ്ധതി കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്തെങ്കിലും തുടർ നടപടികൾ ഇല്ല.
പഞ്ചായത്ത് മിനിസ്റ്റേഡിയം നിർമാണം ബജറ്റ് പ്രഖ്യാപനമായി തുടരുന്നു.
പഞ്ചായത്തിലെ പുതിയ റോഡുകൾ പലതും ഏറ്റെടുത്തുവെങ്കിലും നിർമാണം നടത്തിയില്ല.
പട്ടികജാതി വിഭാഗങ്ങൾക്ക് ഭവന പുനരുദ്ധാരണത്തിന് തുക അനുവദിക്കാൻ രണ്ടുവർഷമായി ആസൂത്രണ പദ്ധതികൾ ഒന്നുമുണ്ടായില്ല.
കുടുംബശ്രീയിൽ 69 ലക്ഷത്തിന്റെ സാമ്പത്തികത്തട്ടിപ്പ്. സബ്സിഡി ഇനത്തിൽ ഉൾപ്പെടെ കുടുംബശ്രീ അംഗങ്ങൾ കബളിക്കപ്പെട്ടു,
തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിൽ ദിനങ്ങൾ ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടു.
പൊതുസ്മശാനം പൂർത്തിയാക്കാനായില്ല.
ആരോഗ്യ മേഖലയിലെ പിഎച്ച്സി കെട്ടിട നിർമാണത്തിൽ വലിയ അഴിമതി, പഴയ കെട്ടിടത്തിന്റെ മുകളിൽ 60 ലക്ഷം രൂപ മുടക്കിയാണ് നവീകരണം നടത്തിയത്. ഇതിലെല്ലാം അഴിമതി ഉണ്ട്.